ന്യൂഡല്‍ഹി (www.evisionnews.in): നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷം മുന്‍നിര്‍ത്തി രാജ്യത്തെയും തലസ്ഥാനത്തെയും സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. മുഖ്യാതിഥിയായി പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തി. ഏഴു തലത്തിലുള്ള സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ സുരക്ഷാ സേനയിലെ 500 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 50,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് തലസ്ഥാനത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. 30,000 പേര്‍ ഡല്‍ഹി പൊലീസില്‍ നിന്നും 10,000 പേര്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ നിന്നുമാണ്.
400 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യോമഗതാഗതം നിരോധിച്ചു. ജയ്പൂര്‍, ആഗ്ര തുടങ്ങിയ നഗരങ്ങള്‍ മുതല്‍ പാകിസ്താന്‍ അതിര്‍ത്തി വരെയാണ് നിരോധനം ബാധകമാകുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന വ്യോമസേനയുടെ അഭ്യാസപ്രകടനവും ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന.
ഡല്‍ഹിയിലെ 71 കെട്ടിടങ്ങളില്‍ സേനാംഗങ്ങളെ വിന്യസിച്ചു കഴിഞ്ഞു. 15,000 സിസിടിവികളാണ് ഡല്‍ഹിയില്‍ സ്ഥാപിച്ചിരിക്കുന്നത്. രാജ്പഥില്‍ മാത്രം 160 സിസിടിവികളാണ് പുതുതായി സ്ഥാപിച്ചത്. ഓരോ 18 മീറ്ററിലും ഒരു ക്യാമറ വീതം. ഡല്‍ഹി പൊലീസിലെയും അമേരിക്കന്‍ സുരക്ഷാ സേനയിലെയും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുള്ള കേന്ദ്ര കണ്‍ട്രോള്‍ റൂമിലേക്ക് ഇവയില്‍ നിന്നും ദൃശ്യങ്ങള്‍ നിരന്തരം അയക്കുന്നു.
രാജ്പഥിലും ഒബാമ തങ്ങുന്ന ഐടിസി മൗര്യ ഹോട്ടലിലും പരിശീലനം സിദ്ധിച്ച 20ല്‍ അധികം അമേരിക്കന്‍ ഷെപ്പേര്‍ഡ് നായ്ക്കളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിന് സമീപത്തുളള പാതകള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. ഹോട്ടലിന് സമീപത്തുള്ള വനമേഖലയില്‍ പ്രത്യേക സുരക്ഷാ സേനയെ വിന്യസിച്ചു. മൂന്നു ഘട്ട സുരക്ഷാ പരിശോധനക്ക് ശേഷമാണ് നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ വേദിയിലേക്ക് അതിഥികളെ കടത്തി വിടുന്നത്. സമയത്ത് മാത്രമായിരിക്കും സുരക്ഷാ പാസുകള്‍ നല്‍കുന്നത്. വിശദീകരണം നല്കാതെ ആരുടെയും പ്രവേശനാനുമതി റദ്ദാക്കുന്നതിന് പൊലീസിന് അധികാരം നല്‍കിയിട്ടുണ്ട്.
Keywords: newdelhi-news-republic
Post a Comment
0 Comments