കൊച്ചി: (www.evisionnews.in) രാജ്യത്ത് എക്‌സൈസ് തീരുവയും വില്‍പ്പന നികുതിയും ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ 30.92 രൂപയ്ക്കും ഡീസല്‍ 32.20 രൂപയ്ക്കും ലഭിക്കുമായിരുന്നു. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ആറ് വര്‍ഷത്തെ താഴ്ചയില്‍ നില്‍ക്കുമ്പോഴും ഇവിടെ വില കാര്യമായി താഴാതെ നില്‍ക്കുന്നത് ഉയര്‍ന്ന തോതിലുള്ള എക്‌സൈസ് തീരുവയും വില്‍പ്പന നികുതിയും മൂലമാണ്. ഒരു ലിറ്റര്‍ പെട്രോളിന് 62.38 രൂപയും ഡീസലിന് 52.08 രൂപയുമാണ് കൊച്ചിയിലെ വില.
ഒരു ലിറ്റര്‍ പെട്രോളിന് എണ്ണക്കമ്പനികള്‍ റിഫൈനറികള്‍ക്ക് നല്‍കുന്ന വില 28.71 രൂപ മാത്രമാണ്. ഇതിന്റെ മേല്‍ എക്‌സൈസ് തീരുവയും സെസ്സുമായി 8.51 രൂപയും അടിസ്ഥാന എക്‌സൈസ് തീരുവയായി 8.95 രൂപയും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരാകട്ടെ 13.86 രൂപ വില്‍പ്പന നികുതിയായും 14 പൈസ സെസ്സായും ഈടാക്കുന്നു. ഇതിനു പുറമെ 17 പൈസ ഫ്രീ ഡെലിവറി സോണ്‍ ചാര്‍ജ് (കടത്തുകൂലി) ആയിട്ടും 2.04 രൂപ ഡീലര്‍മാര്‍ക്കുള്ള കമ്മീഷനായും നല്‍കി കഴിയുമ്പോഴാണ് വില 62.38 രൂപയിലെത്തുന്നത്.
ഒരു ലിറ്റര്‍ ഡീസലിന് എണ്ണക്കമ്പനികള്‍ റിഫൈനറികള്‍ക്ക് നല്‍കുന്ന വില 30.77 രൂപയാണ്. ഇതിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയും സെസ്സുമായി 10.26 രൂപ ഈടാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരാകട്ടെ, വില്‍പ്പന നികുതിയായി 9.52 രൂപയും സെസ്സായി ഏതാണ്ട് 10 പൈസയും ഈടാക്കുന്നു. ഡീസലിന്റെയും കടത്തുകൂലി 17 പൈസയാണ്. അതേ സമയം, ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ 1.26 രൂപ മാത്രമാണ്. ഇവയെല്ലാം ചേരുന്നതോടെയാണ് വില (കൊച്ചിയിലേത്) 52.08 രൂപയിലെത്തുന്നത്.
ഡീസലിനെ അപേക്ഷിച്ച് പെട്രോളിന് നികുതിയും തീരുവയും കൂടുതലായതിനാലാണ് അടിസ്ഥാന വില കുറവാണെങ്കിലും ചില്ലറ വില കൂടുതല്‍ നല്‍കേണ്ടി വരുന്നത്.
ഇന്ധന വില കുറയുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വരുമാനം കുറയും. ഇത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ, നാല് തവണയാണ് എക്‌സൈസ് തീരുവ കൂട്ടിയത്. സംസ്ഥാന സര്‍ക്കാരാകട്ടെ, മൂന്ന് തവണ വില്‍പ്പന നികുതിയും വര്‍ധിപ്പിച്ചു. ഇതോടെയാണ് ആഗോള വിപണിയില്‍ ഇന്ധന വില വന്‍തോതില്‍ ഇടിഞ്ഞിട്ടും അതിന്റെ പ്രയോജനം ഇവിടത്തെ ജനത്തിന് പൂര്‍ണമായി കിട്ടാതെ പോയത്.
Keywords: Petrol, price, tax, India, refinary, international price
Post a Comment
0 Comments