Type Here to Get Search Results !

Bottom Ad

അര്‍ഹതയുള്ള കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ പ്രത്യേക പരിഗണന -ജില്ലാ കലക്ടര്‍

കാസര്‍കോട് (www.evisionnews.in); ജില്ലയില്‍ കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്തവരുടെ എണ്ണം തിട്ടപ്പെടുത്തി അര്‍ഹതയുള്ളവര്‍ക്ക് നിയമപ്രകാരം പട്ടയം നല്‍കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. എംഎല്‍എ മാരായ പി.ബി അബ്ദുള്‍ റസാഖ് ,എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (ഉദുമ) എന്നിവരാണ് വികസനസമിതി യോഗത്തില്‍ വിഷയം ഉന്നയിച്ചത്. 

ഹോസ്ദുര്‍ഗ്ഗ്, കാസര്‍കോട് താലൂക്കുകളില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയം നല്‍കിയ ഭൂമി മറ്റ് വ്യക്തികള്‍ വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്നുണ്ട്. ഇത്തരം പരാതികളില്‍ സമഗ്ര സര്‍വ്വെ നടത്തി അര്‍ഹരായ കൈവശക്കാര്‍ക്ക് പട്ടയം നല്‍കും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയം ലഭിച്ചവര്‍ ഇതുവരെ ഭൂമിയില്‍ താമസിക്കുകയോ, കൈവശപ്പെടുത്തുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭൂവുടമകളുടെ പട്ടയം നിയമപ്രകാരം റദ്ദാക്കി അര്‍ഹരായവര്‍ക്ക് പട്ടയം അനുവദിക്കും. മഞ്ചേശ്വരം , വെളളരിക്കുണ്ട് താലൂക്കുകളില്‍ താലൂക്ക്തല ലാന്റ് അസൈന്‍മെന്റ് കമ്മിറ്റികള്‍ ഉടന്‍ രൂപീകരിച്ച് പട്ടയം നല്‍കുന്നതിനുളള നടപടി ത്വരിതപ്പെടുത്തും. 

കാസര്‍കോട് താലൂക്കില്‍ 257 കൈവശക്കാരുടെ അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ 500ലേറെ കൈവശക്കാരുടെ അപേക്ഷകളാണ് പരിഗണനയിലുളളത്. ഇതില്‍ പുല്ലൂര്‍, പെരിയ, അമ്പലത്തറ, മടിക്കൈ വില്ലേജുകളില്‍ സമഗ്രസര്‍വ്വെ ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കെ.എസ് കുര്യാക്കോസ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സബ് കളക്ടര്‍ കെ. ജീവന്‍ബാബു, എ ഡി എം എച്ച് ദിനേശന്‍, ഡിവൈഎസ്പി പി. തമ്പാന്‍, ലീഡ് ബാങ്ക് മാനേജര്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 


Keywords: Kasaragod-pattayam-special-consideration

Post a Comment

0 Comments

Top Post Ad

Below Post Ad