Type Here to Get Search Results !

Bottom Ad

മണ്ണിലും വിണ്ണിലും കായികാവേശം; ദേശീയ ഗെയിംസിന് തിരി തെളിഞ്ഞു

തിരുവനന്തപുരം (www.evisionnews.in): ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് പ്രോജ്വല തുടക്കം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും സംഘത്തിന്റെയും മേളപ്പെരുക്കത്തോടെ മണ്ണിലും വിണ്ണിലും കായികാവേശം വിരിയിച്ചാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കലാസായാഹ്നത്തിന് തിരി തെളിഞ്ഞത്.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുക്കുന്ന ചടങ്ങില്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒളിമ്പ്യന്മാരായ പി.ടി.ഉഷയ്ക്കും അഞ്ജു ബി. ജോര്‍ജിനും ദീപശിഖ കൈമാറി. മൂവരും ചേര്‍ന്ന് ദീപം തെളിച്ചു. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംഗീത, ദൃശ്യ വിരുന്നോടെ ഉദ്ഘാടനച്ചടങ്ങിന് സമാപനം കുറിക്കും. 

മത്സരങ്ങളുടെയും കായികതാരങ്ങളുടെയും എണ്ണംകൊണ്ട് ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഗെയിംസിനാണ് ഇക്കുറി കേരളം വേദിയാകുന്നത്. മേളയില്‍ 33 കായികയിനങ്ങളിലായി 414 സ്വര്‍ണമടക്കം 1369 മെഡലുകള്‍ സമ്മാനിക്കപ്പെടും. 30 സംസ്ഥാനങ്ങളില്‍നിന്നും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും സൈനികരുടെ സംഘമായ സര്‍വീസസില്‍നിന്നുമായി ഒഫീഷ്യലുകളും കായികതാരങ്ങളുമടക്കം പതിനായിരത്തിലേറെപ്പേര്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തിക്കഴിഞ്ഞു.

ഗെയിംസിന്റെ പ്രധാന വേദിയായ തിരുവനന്തപുരത്ത് 15 ഇനങ്ങളില്‍ മത്സരം നടക്കും. ആറ് ഇനങ്ങള്‍ക്ക് വേദിയാവുന്ന കൊച്ചിയാണ് രണ്ടാംസ്ഥാനത്ത്. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും വേദിയൊരുക്കിയിട്ടുണ്ട്. എല്ലായിനങ്ങളിലും മത്സരിക്കുന്ന ഒരേയൊരു ടീം കേരളമാണ്. 

ഗെയിംസിന്റെ സുരക്ഷയ്ക്കായി കര, നാവിക, വ്യോമസേനകളുടെ വന്‍ സന്നാഹമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 1987ലാണ് കേരളത്തില്‍ ആദ്യമായി ദേശീയ ഗെയിംസ് നടന്നത്. ഇന്നത്തെപ്പോലെതന്നെ ഒരു നഗരത്തില്‍ ഒതുങ്ങാതെ വിവിധ ജില്ലകളിലായാണ് അന്നും ഗെയിംസ് അരങ്ങേറിയത്. അന്ന് 28 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും നേടി കേരളംതന്നെ ഓവറോള്‍ ചാമ്പ്യന്മാരായി. അതിനുശേഷം കേരളത്തിന്റെ പ്രകടനനിലവാരം പടിപടിയായി പിറകോട്ട് വരികയായിരുന്നു. 2011ലെ 34ാം ദേശീയ ഗെയിംസില്‍ 30 സ്വര്‍ണമടക്കം 87 മെഡലുകള്‍ നേടിയ കേരളം ഏഴാം സ്ഥാനത്തായിരുന്നു.

Keywords: Kerala-national-games-inaguration-trivandram-sachin-



Tags

Post a Comment

0 Comments

Top Post Ad

Below Post Ad