ന്യൂഡല്‍ഹി: (www.evisionnews.in) ഇന്ത്യക്ക് ‘നമസ്‌തേ’ പറഞ്ഞ് മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മടങ്ങി. സൗദി അറേബ്യ സന്ദര്‍ശനമാണ് ഒബാമയുടെ അടുത്ത ലക്ഷ്യം.
ഇന്ത്യയും അമേരിക്കയും നല്ല പങ്കാളികളാണെന്ന് പോകുന്നതിന് മുമ്പ് ഒബാമ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളിയാകാന്‍ അമേരിക്കക്ക് സാധിക്കുമെന്നാണ് തന്റെ വിശ്വാസം. ഇന്ന് രാവിലെ 1500ഓളം യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സിരി ഫോര്‍ട്ടില്‍ ഒബാമ ഇങ്ങനെ പറഞ്ഞത്.
മതസ്വാതന്ത്ര്യത്തെ കുറിച്ചും ഒബാമ എടുത്തു പറഞ്ഞു. മതപരമായ വേര്‍തിരിവുകള്‍ മുറിവേല്‍പ്പിക്കാത്തിടത്തോളം ഇന്ത്യ വിജയത്തിന്റെ പാതയിലായിരിക്കുമെന്ന് ഒബാമ പറഞ്ഞു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദം മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. ഘര്‍ വാപസി വിവാദങ്ങളുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണമനുസരിച്ചായിരുന്നു സന്ദര്‍ശനം. ഞായറാഴ്ച രാവിലെയായിരുന്നു ഒബാമ ഇന്ത്യയിലെത്തിയത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് അദ്ദേഹം. ഊഷ്മള വരവേല്‍പാണ് രാജ്യം അമേരിക്കന്‍ പ്രഥമപൗരനും ഭാര്യക്കും നല്‍കിയത്. പ്രോട്ടോക്കോള്‍ തെറ്റിച്ച് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ഇരുവരെയും സ്വീകരിച്ചത്. രാഷ്ട്രപതി ഭവനിലുള്‍പ്പെടെ നടത്തിയ പ്രസംഗങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിനെ മോദി ബരാക് എന്ന് സംബോധന ചെയ്തതും കൗതുകമുണര്‍ത്തിയിരുന്നു.
യാത്ര തിരിക്കുന്നതിന് മുമ്പ് മോദിയുടെ പ്രതിമാസ ആകാശവാണി പ്രക്ഷേപണപരിപാടിയായ മന്‍ കി ബാത് റെക്കോര്‍ഡ് ചെയ്തു. ഇന്ന് രാത്രി 8.30ന് ഇത് പ്രക്ഷേപണം ചെയ്യും.
സന്ദര്‍ശനത്തിനിടയില്‍ പ്രതിരോധവും ആണവകരാറുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. 400 കോടി ഡോളറിന്റെ നിക്ഷേപമാണ് ഒബാമയുടെ വാഗ്ദാനം. വാണിജ്യരംഗത്തെ പ്രമുഖരുമായും ഒബാമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ ബിസിനസ് നടത്താന്‍ ഇപ്പോഴും കടമ്പകളേറെയാണെന്ന് ഒബാമ പറഞ്ഞു. ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി വ്യക്തമാക്കുകയും ചെയ്തു.
ആദ്യ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പ് പതിച്ച ആശംസാകാര്‍ഡാണ് മോദി ഒബാമക്ക് ഉപഹാരമായി നല്‍കിയത്. ഒബാമയുടെ ഭാര്യ മിഷേലിന് നൂറ് ബനാറസ് സാരികളും സമ്മാനിച്ചു.
Keywords: Obama, Mishel, Narendra Modi, India, Namasthe Bharath, Saudi visit
Post a Comment
0 Comments