തിരുവനന്തപുരം: (www.evisionnews.in) ബാര്‍ കോഴ ആരോപണത്തില്‍ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. കെഎം മാണി രാജിവച്ചാല്‍ ആര് പിന്‍ഗാമിയാകണമെന്ന കാര്യത്തില്‍ ചര്‍ച്ച സജീവമായി. ജോസ് കെ മാണിയെ തള്ളി പിസി ജോര്‍ജ് രംഗത്തുവന്നതോടെയാണ് വിഷയം ചൂടുപിടിച്ചത്.
പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ധനമന്ത്രി മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയാണ് കേരള കോണ്‍ഗ്രസ് നേരിടുന്നത്. മാണിക്ക് ശേഷം ജോസ് കെ മാണി എന്നാണ് പൊതുവെ ഉണ്ടായിരുന്ന പ്രതീക്ഷ. അതിനിടയിലാണ് പ്രസ്താവനയുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്. ജോസ് കെ മാണിയെക്കാള്‍ യോഗ്യതയുള്ളവര്‍ രംഗത്തുണ്ടെന്ന് ജോര്‍ജ് പറഞ്ഞു. മാണി മന്ത്രിസ്ഥാനം രാജി വെച്ചാല്‍ പകരം മന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ സിഎഫ് തോമസ് ആണ്. കുടുംബപാരമ്പര്യം നിലനിര്‍ത്താന്‍ ഇത് കോണ്‍ഗ്രസല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. മാണി രാജി വെക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അത്തരമൊരു സാഹചര്യത്തില്‍ പകരം ആര് എന്ന ചോദ്യത്തിന് കൂടി ജോര്‍ജ് ഉത്തരം പറയുന്നു എന്നത് ശ്രദ്ധേയമാണ്.
പാര്‍ട്ടിയുടെ ഉള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ചര്‍ച്ചയാണ് മാണിക്ക് ശേഷം ആര് എന്നത്. എന്നാല്‍ പിസി നടത്തിയ പ്രസ്താവന പുതിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. ബാര്‍ കോഴക്കേസിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചക്ക് പുതിയ മാനമാണ് കൈവന്നിരിക്കുന്നത്. പാര്‍ട്ടിക്ക് പിന്തുണയുമായി നേതാക്കള്‍ രംഗത്തുണ്ടെങ്കിലും ശക്തമായ പിന്തുണ ആരില്‍ നിന്നും ഉയരുന്നില്ലെന്നതാണ് ശ്രദ്ധേയം. കേരള കോണ്‍ഗ്രസ്(എം)ല്‍ കെഎം മാണിയുടെ അപ്രമാദിത്വം അവസാനിക്കുന്നു എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
പാര്‍ട്ടി ചെയര്‍മാന്‍ കൂടിയാണ് കെഎം മാണി. ദീര്‍ഘകാലമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. യുഡിഎഫ് കലങ്ങി മറിഞ്ഞ സാഹചര്യങ്ങളില്‍ പോലും കേരള കോണ്‍ഗ്രസ് ഒരേ സ്വരത്തിലായിരുന്നു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്താനുള്ള സാധ്യതയുണ്ട്. മാണി രാജി വെയ്ക്കുന്നതും മന്ത്രിപദത്തില്‍ തുടരുന്നതും പാര്‍ട്ടിക്ക് ഒരേപോലെ തലവേദന സൃഷ്ടിക്കും. രാജി വെച്ചാല്‍ പാര്‍ട്ടി ചെയര്‍മാന്‍ അഴിമതിയാരോപണത്തില്‍ രാജിവെച്ചു എന്ന ഇമേജ് പാര്‍ട്ടിയെ തന്നെ ദോഷകരമായി ബാധിക്കും. രാജി വെക്കാതിരുന്നാല്‍ ആരോപണവിധേയനായ ചെയര്‍മാന്റെ കീഴിലുള്ള പാര്‍ട്ടി എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അണികള്‍ ഭയപ്പെടുന്നു. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും സമാനസാഹചര്യമാണ് നിലനില്‍ക്കുന്നത്.
ബാര്‍ക്കോഴയുടെ പേരില്‍ പാലാ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തുടര്‍ച്ചയായ ഹര്‍ത്താല്‍ നടത്തുന്നതും മാണിയെയും കേരള കോണ്‍ഗ്രസിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന പേരില്‍ ഇന്നലെ യുഡിഎഫ് പാലായില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. പിന്നാലെ ചൊവ്വാഴ്ച ബിജെപിയും ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ പാലായില്‍ തന്നെ ജനവികാരം എതിരാക്കുമെന്നും അണികള്‍ ഭയപ്പെടുന്നു.
Keywords: Mani, Minister, C.F Thomas, P.C Jeorge Pala
Post a Comment
0 Comments