കാസര്‍കോട്: (www.evisionnews.in) മാവോയിസ്റ്റുകളെ നേരിടുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പ് നിയോഗിച്ച പോലീസ് സ്‌ക്വാഡില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും കായിക ശേഷിയും ധൈര്യവും അഭ്യാസവുമുള്ള പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നു. മാവോയിസ്റ്റുകളെ നേരിടുന്നതിനായി മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരികയാണ്.
ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട് ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കായിക ശേഷിയുള്ള പോലീസ് ഉദ്യോഗസ്ഥരെ അയക്കും.
സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കാസര്‍കോട് ജില്ലയും ഉള്‍പ്പെടുന്നുണ്ട്. ആദിവാസികള്‍ ഉള്‍പ്പെടെ പിന്നോക്ക ജനവിഭാഗങ്ങള്‍ താമസിക്കുന്ന ജില്ലയിലെ പ്രദേശങ്ങളിലാണ് മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിച്ചിരിക്കുന്നത്.
മാത്രമല്ല പാലക്കാട്ട് ആക്രമണം നടത്തിയ മാവോയിസ്റ്റുകളില്‍ രണ്ട് പേര്‍ കാസര്‍കോട് ജില്ലക്കാരാണെന്നത് ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭരണകൂടത്തിനെതിരെ സായുധ കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ട് മാവോയിസ്റ്റുകള്‍ പതിച്ച പോസ്റ്ററുകള്‍ സംബന്ധിച്ച് നിലവില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.ഇതിനിടയിലാണ് സംസ്ഥാനത്തെ ചിലഭാഗങ്ങളില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഉണ്ടായത്. കാസര്‍കോട് ജില്ലയിലും മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.പരിസ്ഥിതി വിഷയം ഉന്നയിച്ചാണ് മാവോയിസ്റ്റുകള്‍ സായുധ സമരത്തിന് ഒരുങ്ങിയിരിക്കുന്നത്.കണ്ണൂരില്‍ ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന കരിങ്കല്‍ ക്വാറിക്ക് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി കാസര്‍കോട് ജില്ലയില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന കരിങ്കല്‍ ക്വാറികള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പോലീസ് രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.
ഇതിനു പുറമെ ജനങ്ങളെ ബാധിക്കുന്ന മറ്റ് ചില വിഷയങ്ങളില്‍ ഇടപ്പെട്ട് മാവോയിസ്റ്റുകള്‍ സായുധ സമരം ശക്തമാക്കാനും തീരുമാനമെടുത്തിട്ടുണ്ട്.കാസര്‍കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാണ്. വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ സായുധ പരിശീലനം നടത്തുന്നതായും സൂചന ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Keywords: Mavoist, police team, ready
Post a Comment
0 Comments