Type Here to Get Search Results !

Bottom Ad

മലയാളത്തിന്റെ ചിരി മാഞ്ഞു; മാള അരവിന്ദന്‍ അന്തരിച്ചു


കോയമ്പത്തൂര്‍: (www.evisionnews.in)  പ്രശസ്ത ചലച്ചിത്ര താരം മാള അരവിന്ദന്‍ (76) അന്തരിച്ചു. പുലര്‍ച്ചെ 6.20 ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം 11 മണിയോടെ മാളയിലെ വസതിയിലെത്തിക്കും.
ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 19-നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 24-ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.
നാടക വേദിയില്‍ തബല വാദകനായാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റം. 1968 ല്‍ പുറത്തിറങ്ങിയ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. നൂല്‍പ്പാലമാണ് അവസാനമായി അഭിനയിച്ച ചിത്രം. ഒരു വര്‍ഷമായി അഭിനയരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
നാല് പതിറ്റാണ്ടു കാലം മലയാള ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമായിരുന്നു. നാനൂറോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഹാസ്യ നടനെന്നതിലുപരി മികച്ച സ്വഭാവ നടന്‍ എന്ന നിലയിലും മാള അരവിന്ദന്‍ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായി. നാനൂറോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.
എറണാകുളത്തിനടുത്ത് വടവുകോട്ട് അയ്യപ്പന്റേയും പൊന്നമ്മയുടേയും മൂത്ത മകനായിട്ടായിരുന്നു ജനനം. പിതാവ് പൊലീസ് എക്‌സൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ അധ്യാപികയായിരുന്നു. അരവിന്ദന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയോടും മൂന്നു സഹോദരങ്ങളോടുമൊപ്പം തൃശൂരില്‍ മാളയിലേക്കു പിന്നീട് താമസം മാറ്റി.
അമ്മ സംഗീതം പഠിപ്പിച്ചുണ്ടാക്കുന്ന തുഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. വീട്ടില്‍ വെച്ച് അമ്മ കുട്ടികളെ സംഗീതം പഠിപ്പിക്കുമ്പോള്‍ അരവിന്ദന്‍ തകരപ്പാട്ടയില്‍ താളമിടുമായിരുന്നു. ഈ താല്പര്യം മനസ്സിലാക്കിയ അമ്മ ഒരു തബല വാങ്ങിക്കൊടുത്തു. വലുതായപ്പോള്‍ കൊച്ചിയില്‍ മുഹമ്മദ് ഉസ്താദിനെ തബല വാദനത്തില്‍ ഗുരുവായി സ്വീകരിച്ചു.
പ്രീഡിഗ്രി പഠനം പാതിവഴിക്കിട്ട് സുഹൃത്തുക്കളൊന്നിച്ച് ഒരു ട്രൂപ്പുണ്ടാക്കി. അമച്വര്‍ നാടങ്ങള്‍ക്കുവേണ്ടിയുള്ള തബല വാദനവും ഇതോടൊപ്പം ഉണ്ടായിരുന്നു. ‘രസന’ എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യം ചെറിയ നാടകങ്ങളില്‍ അഭിനയിച്ച അരവിന്ദന്‍ പിന്നീട് പ്രൊഫഷണല്‍ നാടകവേദികളില്‍ അഭിനയിക്കാന്‍ തുടങ്ങി.
കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റഴേ്‌സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. സൂര്യസോമായുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.
ഗീതയാണ് ഭാര്യ. കല മുത്തു എന്നിവരാണ് മക്കള്‍.
ഭൂതക്കണ്ണാടി, പെരുമഴക്കാലം, മീശമാധവന്‍, കന്മദം, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, കോട്ടയം കുഞ്ഞച്ചന്‍, സന്ദേശം, പട്ടണ പ്രവേശം, അഗ്നിദേവന്‍, പൂച്ചക്കൊരു മുക്കുത്തി, സേതുരാമയ്യര്‍ സി.ബി.ഐ, ജോക്കര്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

evisionnews


keywords: mala-aravindan-psd away-koyabathur

Tags

Post a Comment

0 Comments

Top Post Ad

Below Post Ad