കാസര്‍കോട്: (www.evisionnews.in) ബേക്കറിക്കാരുടെ പ്രചാരണം പ്രഖ്യാപനത്തിലും പരസ്യവാചകങ്ങളിലുമൊതുങ്ങി; വില്ക്കുന്നത് നിറംകലര്‍ത്തിയ ലഡുവും ജിലേബിയും തന്നെ. മഞ്ഞയും ചുവപ്പുമായ ഈ മധുരപലഹാരങ്ങള്‍ ഇപ്പോള്‍ പച്ചയിലുമെത്തുന്നു. ബഹുവര്‍ണത്തിലുള്ള പലഹാരങ്ങള്‍ വാങ്ങിത്തിന്നുമ്പോള്‍ അറിയണം ഇതില്‍ കലരുന്ന നിറക്കൂട്ടുകള്‍ വിഷമുള്ളതാണെന്ന്. ബേക്കറികളില്‍ ഇനി നിറംചേര്‍ത്ത മധുരപലഹാരങ്ങള്‍ വില്ക്കില്ലെന്ന പ്രഖ്യാപനം ഇവരുടെ അസോസിയേഷന്‍തന്നെയാണ് നടത്തിയത്. അര്‍ബുദം ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തിലായിരുന്നു അസോസിയേഷന്റെ തീരുമാനം. പ്രഖ്യാപനം നടന്നിട്ട് നൂറുദിവസം പിന്നിടുകയാണ്.
പ്രധാനമായും ലഡുവിലെയും ജിലേബിയിലെയും നിറങ്ങള്‍ ഒഴിവാക്കാനാണ് അസോസിയേഷന്‍ തീരുമാനിച്ചത്. ഈ തീരുമാനം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയപ്പോള്‍ വില്പന കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് അസോസിയേഷന് കിട്ടിയത്. ഇതാണ് പ്രഖ്യാപനം പൂര്‍ണമായും പ്രാവര്‍ത്തികമാക്കുന്നതില്‍നിന്ന് അസോസിയേഷനെ പിന്തിരിപ്പിച്ചത്. ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടുള്ള കൃത്രിമനിറങ്ങളാണ് എരിത്രോസിന്‍, ടാര്‍ടാസിന്‍, ഇന്റിഗോ കാര്‍മെയിന്‍ തുടങ്ങിയവ. ഇവ മധുരപലഹാരങ്ങളില്‍ 100 മുതല്‍ 200 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) വരെ ചേര്‍ക്കാനേ അനുവാദമുള്ളൂ. എന്നാല്‍, പലഹാരങ്ങള്‍ ദിവസങ്ങളോളം അലമാരകളില്‍ സൂക്ഷിക്കേണ്ടതിനാല്‍ വെളിച്ചം, ഈര്‍പ്പം എന്നിവ കൊണ്ട് നിറം മങ്ങുമെന്ന കാരണം പറഞ്ഞ് നിറങ്ങള്‍ കൂടുതല്‍ അളവില്‍ ചേര്‍ക്കുകയാണ്. ഇത്തരം പലഹാരങ്ങള്‍ കഴിക്കുന്നത് അര്‍ബുദം, അലര്‍ജി, ത്വക് രോഗങ്ങള്‍, ശ്വാസ തടസ്സം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Keywords: Bakery, Ladu, Jilebi, coloring
Post a Comment
0 Comments