Type Here to Get Search Results !

Bottom Ad

വിറയാര്‍ന്ന ശബ്ദത്തില്‍ കൈതപ്രം പറഞ്ഞു 'ഇന്നല്ലാഹ മഹസ്സാബിരീന്‍''


കാസര്‍കോട്: (www.evisionnews.in)  ക്ഷമിക്കാനും പൊറുക്കാനും മറക്കാനും കഴിയാത്തവരുടെ ലോകത്ത് 'ഇന്നള്ളാഹ മഹസ്സാബിരീന്‍'- തീര്‍ച്ചയായും ദൈവം ക്ഷമിക്കുന്നവന്റെ കൂടെയാണെന്നും ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്നുമുള്ള വിശുദ്ധ ഖുര്‍ ആന്‍ വാക്യമാണ് ഗാന്ധിജിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് എന്ന അറിവ് തന്നെ വിസ്മയപ്പെടുത്തിയെന്ന് കവിയും ഗാന രചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 
ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കാസര്‍കോട് ഡി സി സി  ജവഹര്‍ ഭവനില്‍ സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൈതപ്രം. 
ഗാന്ധിജിയെ സ്വാധീനിച്ച വിശുദ്ധ ഖുര്‍ ആന്‍ വചനത്തിന്റെ അര്‍ത്ഥം തനിക്ക് പറഞ്ഞ് തന്നത് സ്‌നേഹത്തിന്റെ പ്രവാചകനായിരുന്ന പാണക്കാട് ശിഹാബ് തങ്ങളാണെന്നും കൈതപ്രം പറഞ്ഞു. 
സ്‌നേഹവും വാത്സല്യവും നിസ്വാര്‍ത്ഥമായ മനസ്സുമാണ് ഗാന്ധിജി നമുക്ക് നല്‍കിയ സന്ദേശം. അതിരുകള്‍ ഇല്ലാത്ത മാനവ സ്‌നേഹത്തിന്റെ കടലൊഴുകിയാലെ വര്‍ത്തമാന കാല ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകുകയുള്ളൂ. 
ലണ്ടനിലെ ഒരു പരിപാടിക്കിടെ പ്രശസ്തനായ ഒരു പാക്കിസ്ഥാന്‍ ഗസല്‍ ഗായകന്‍ തന്നെ വന്ന് കണ്ടകാര്യം കൈതപ്രം സദസുമായി പങ്കുവെച്ചു. 
പാക്കിസ്ഥാനിയെന്ന് ലോകം തെറ്റിദ്ധരിച്ച ആ ഗായകന്‍ യഥാര്‍ത്ഥത്തില്‍ കാസര്‍കോട് ബന്തടുക്കയിലെ ഒരു മുസ്‌ലീം ചെറുപ്പക്കാരനായിരുന്നു. 
അദ്ദേഹത്തിന്റെ ഭാര്യ കാശ്മീരി ബ്രാഹ്മണ സ്ത്രീയാണ്. രണ്ട് മക്കളും ഗസല്‍ ഗായകര്‍. യഥാര്‍ത്ഥത്തില്‍ ഈ മനുഷ്യന്റെ ജാതിയും മതവും രാജ്യവും ഏതാണെന്നും അതിരുകളില്ലാത്ത വിശ്വമാനവിക ഹൃദയത്തിന്റെ ഉടമയാണ് അദ്ദേഹമെന്നും കൈതപ്രം പറഞ്ഞു. 
ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ഏറെക്കാലമായി രോഗ കിടക്കയിലായ കൈതപ്രം ശാരീരിക അവശതകള്‍ക്കിടയിലും ഗാന്ധിജിയുടെ ഓര്‍മ്മകള്‍ പങ്ക് വെക്കാന്‍ എത്തിയത് സദസിനെ ആവേശം കൊള്ളിച്ചു.
സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഡി സി സി പ്രസിഡണ്ട് അഡ്വ സി കെ ശ്രീധരന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. കൈതപ്രം എന്ന കേരളക്കരയുടെ സുല്‍ത്താന് ആയൂരാരോഗ്യം നേര്‍ന്ന് മാണിക്കോത്ത് ജുമാ മസ്ജിദ് ഇമാം കബീര്‍ ഫൈസി ചെറുകോട് നടത്തിയ ആശംസയും ശ്രദ്ധേയമായി. 
സ്വാമി മാധവ ചൈതന്യ, റവ. ഫാദര്‍ വൈ അലക്‌സ്, പി ഗംഗാധരന്‍ നായര്‍, കെ വെളുത്തമ്പു, പി കെ ഫൈസല്‍, അഡ്വ. കെ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് സ്വാഗതം പറഞ്ഞു.

evisionnews


Keywords: Kaithapram, Innallaha Ma'ssabireen, Gandhiji, Kanhangad, Pakisthan, Kashmir

Post a Comment

0 Comments

Top Post Ad

Below Post Ad