Type Here to Get Search Results !

Bottom Ad

മരണപ്പെട്ട അധ്യാപകന്റെ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയ ഭൂമി മറിച്ച് വിറ്റു: ദമ്പതികളുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് (www.evisionnews.in): മരണപ്പെട്ട അധ്യാപകന്റെ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയ ഭൂമി മറിച്ചുവിറ്റ സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു. പുതിയകോട്ടയില്‍ ഗള്‍ഫ് ബസാര്‍ എന്ന കട നടത്തുന്ന കാഞ്ഞങ്ങാട് കുവൈത്ത് ടവറിലെ വി ഹാഷിമിനാണ് 2003ല്‍ മരണപ്പെട്ട ചെമ്മട്ടംവയലിലെ യു രാഘവന്‍ മാസ്റ്ററുടെ സ്ഥലം വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയ ദമ്പതികള്‍ അടങ്ങുന്ന സംഘം വില്‍പ്പന നടത്തിയത്. 

ഇത് സംബന്ധിച്ച് ഹാഷിം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഇന്ത്യന്‍ ഗ്യാസ് ഏജന്‍സി ഉടമ സ്റ്റീഫന്‍ ജോര്‍ജ്ജ്, ഭാര്യ ഗ്രേസി ജേക്കബ്, കെ എം നരസിംഹ കിണി, ചിത്താരിയിലെ കരാറുകാരനായ മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. 

രാഘവന്‍ മാസ്റ്ററുടെ ചെമ്മട്ടംവയലിലുള്ള 22 സെന്റ് സ്ഥലമാണ് വ്യാജരേഖയുണ്ടാക്കി കൈക്കലാക്കിയ ശേഷം സ്റ്റീഫനും ഗ്രേസിയും ചേര്‍ന്ന് ഹാഷിമിന് വില്‍പ്പന നടത്തിയത്.1967ല്‍ രാഘവന്‍ മാസ്റ്റര്‍ക്ക് പട്ടയമായി കിട്ടിയ സര്‍ക്കാര്‍ സ്ഥലമാണ് ഇത്. 

2003ല്‍ രാഘവന്‍ മാസ്റ്റര്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ 2007ല്‍ രാഘവന്‍ മാസ്റ്ററുടെ വ്യാജ ഒപ്പ് തയ്യാറാക്കി ആള്‍മാറാട്ടത്തിലൂടെ സ്റ്റീഫനും ഗ്രേസിയും 22 സെന്റ് സ്ഥലം കാഞ്ഞങ്ങാട് സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് തങ്ങളുടെ പേരിലാക്കുകയായിരുന്നു. മരണപ്പെട്ട രാഘവന്‍ മാസ്റ്റര്‍ക്ക് പകരം മറ്റൊരാളെ രാഘവന്‍ മാസ്റ്ററായി അവതരിപ്പിച്ചാണ് സ്ഥലമിടപാട് സംബന്ധിച്ച രേഖകള്‍ ഉണ്ടാക്കിയത്. നരസിംഹ കിണിയും മുഹമ്മദ്കുഞ്ഞിയും സ്റ്റീഫന്റെയും ഗ്രേസിയുടെയും തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കുകയാണുണ്ടായത്. 

ഗ്രേസിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തിന്റെ അവകാശിയായി മുഹമ്മദ് കുഞ്ഞിയെയും ഉള്‍പ്പെടുത്തികൊണ്ട് ആധാരമുണ്ടാക്കി.ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് സ്റ്റീഫനും ഗ്രേസിയും ഹാഷിമിന് 2009ല്‍ ഈ സ്ഥലം വില്‍പ്പന നടത്തിയത്. 22 ലക്ഷം രൂപയാണ് ഹാഷിം ഇവര്‍ക്ക് നല്‍കിയത്. 

എന്നാല്‍ തങ്ങള്‍ അറിയാതെ സ്ഥലം കൈവശപ്പെടുത്തി വില്‍പ്പന നടത്തിയതിന് സ്റ്റീഫന്‍ അടക്കമുള്ളവര്‍ക്കെതിരെ പരേതനായ രാഘവന്‍ മാസ്റ്ററുടെ മക്കള്‍ കോടതിയില്‍ ഹരജി നല്‍കുകയും അനുകൂല വിധിയിലൂടെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. അതേ സമയം ഈ സ്ഥലം വാങ്ങി വഞ്ചിക്കപ്പെട്ട് കനത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്ന ഹാഷിമിന് നീതി കിട്ടിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഹാഷിം ദമ്പതികള്‍ അടക്കമുള്ളവര്‍ക്കെതിരെ നിയമ യുദ്ധത്തിലേക്ക് നീങ്ങിയത്. 


Keywords: Kasaragod-teacher-land-sold-case-fake-sign

Post a Comment

0 Comments

Top Post Ad

Below Post Ad