Type Here to Get Search Results !

Bottom Ad

ബസ് യാത്രക്കിടയില്‍ ഒന്നരവയസുകാരി ഉള്‍പ്പെടെ നാലുപേരെ ആസിഡൊഴിച്ച് പൊള്ളിച്ച സംഭവം: പ്രതിക്ക് 12വര്‍ഷം കഠിന തടവ്

കാസര്‍കോട്: (www.evisionnews.in) ബസ് യാത്രക്കിടയില്‍ ഒന്നരവയസുകാരി ഉള്‍പ്പെടെ നാലുപേരെ ആസിഡൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ 12വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴക്കും ശിക്ഷിച്ചു. ചിറ്റാരിക്കല്‍ പൂങ്ങോട് സ്വദേശി സോളമന്‍ തോമസി(75)നെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എംജെ ശക്തിധരന്‍  കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 
കഴിഞ്ഞ വര്‍ഷം മെയ് 3നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്  ചെറുപുഴ റൂട്ടിലോടുന്ന ലൗവിംഗ് ബസിലാണ് സംഭവമുണ്ടായത്. ആസിഡുമായി ബസില്‍ കയറിയ സോളമന്‍ തോമസ് മദ്യലഹരിയിലായിരുന്നു. സ്ത്രീകളുടെ ഭാഗത്തേക്ക് തിക്കിത്തിരക്കിയെത്തിയ സോളമന്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തി തുടങ്ങിയതോടെ ഇതേ ബസ്സിലെ യാത്രക്കാരനായ കമ്പല്ലൂരിനടുത്ത പെരളത്തെ സ്മിതാഭവനില്‍ ജിബിന്‍ ഇതിനെ ചോദ്യം ചെയ്തു.
ഒന്നര വയസ്സുള്ള മകള്‍ നിരഞ്ജനയെ മടിയിലിരുത്തി യാത്ര ചെയ്യുകയായിരുന്ന ജിബിന്റെ നേരെ സോളമന്‍ ആസിഡൊഴിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജിബിനും നിരഞ്ജനക്കും പൊള്ളലേറ്റു. മറ്റുയാത്രക്കാരായ പ്രാപൊയിലിലെ ഓമനക്കുട്ടന്‍, കടുമേനി സ്വദേശി ഉണ്ണി എന്നിവരുടെ ദേഹത്തും ആസിഡ് തെറിച്ചു വീണു.
യാത്രക്കാര്‍ ബഹളം വെക്കുന്നതിനിടെ ആസിഡ് നിറച്ച കന്നാസുമായി സോളമന്‍ ബസില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.
ജിബിന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് പൊള്ളലേറ്റില്ല. നിരഞ്ജനയുടെ ദേഹത്താണ് പൂര്‍ണ്ണമായും ആസിഡ് വീണത്. കുട്ടിയുടെ മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജിബിന്റെ ദേഹത്തും സാരമായി പൊള്ളലേറ്റു. ജിബിനും കുട്ടിയും പരിയാരം ആശുപത്രിയില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സോളമനെ വെള്ളരിക്കുണ്ട് സി ഐ എം കെ സുരേഷ് ബാബുവും സംഘവും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ആസിഡ് ആക്രമണക്കേസിലെ ശിക്ഷ വര്‍ദ്ധിപ്പിച്ച് കൊണ്ട് നിയമത്തില്‍ ഭേദ ഗതി വരുത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. ആദ്യത്തെ ശിക്ഷാപ്രഖ്യാപനവും ഈ കേസിലാണ്.

evisionnews


Keywords: Kasaragod-bus-journy-court-attack-acid

Post a Comment

0 Comments

Top Post Ad

Below Post Ad