തിരുവനന്തപുരം: (www.evisionnews.in) ലിറ്ററിന് 200 കി.മീ മൈലേജ് ലഭിക്കുന്ന വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജിലെ മൂന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍. ഫിലിപ്പീന്‍സില്‍ ഫെബ്രുവരി 26മുതല്‍ നടക്കുന്ന ഇന്ധന ക്ഷമതാ മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ വാഹനം. 16 രാജ്യങ്ങളില്‍ നിന്നായി 120 ഓളം വാഹനങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഹോണ്ട ജി എക്‌സ് 35 എഞ്ചിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ടീം ലീഡര്‍ ബിബിന്‍ സാഗരം പറഞ്ഞു. ഭാരക്കുറവുള്ള വസ്തുക്കളുപയോഗിച്ചാണ് വാഹനത്തിന്റെ ഭാഗങ്ങള്‍ ഇണക്കി ചേര്‍ത്തിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള എയ്‌റോഡൈനാമിക് സാങ്കേതികവിദ്യയാണ് വാഹന നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 50 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് ഗോള്‍ഫ് പന്തിന്റെ മാതൃകയാണ്. ബിബിനുപുറമേ റോണിത്ത് സ്റ്റാന്‍ലി,എസ്.വിഷ്ണു പ്രസാദ് എന്നിവരും വാഹനം വികസിപ്പിക്കുന്നതില്‍ പങ്കാളികളായി. അധ്യാപകരായ സന്തോഷ് കുമാറിന്റെയും അന്‍വര്‍ സാദത്തിന്റേയും മേല്‍ നോട്ടത്തിലാണ് പ്രൊജക്ട് പൂര്‍ത്തിയാക്കിയത്.
പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ ജൂലൈ വരെ സമയമുണ്ടെന്നിരിക്കേ വാഹനത്തില്‍ ഇനിയും മാറ്റങ്ങള്‍ വരുത്തുമെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ വാഹനത്തില്‍ ഒരാള്‍ക്കേ സഞ്ചരിക്കാന്‍ പറ്റുകയുള്ളൂ. മൂന്നു ചക്രങ്ങളാണ് വാഹനത്തിനുള്ളത്. രണ്ട് ചക്രങ്ങള്‍ മുന്നിലും ഒന്ന് പിറകിലും. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റാണ് പ്രൊജക്ടിന് പണം മുടക്കിയിട്ടുള്ളത്. കൊളീഷന്‍ വാണിംഗ് സിസ്റ്റം, എഞ്ചിന്‍ ഊഷ്മാവ് മോണിറ്റര്‍, സീറ്റ് ബെല്‍റ്റ് എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫൈബര്‍ ഗ്ലാസും പോളി കാര്‍ബണേറ്റുമുപയോഗിച്ച് വാഹനത്തിന്റെ ബോഡിയും നിര്‍മ്മിച്ചിരിക്കുന്നു.
Keywords: Make history, 200 meter milage, Keralam, Thiruvananthapuram eng.college
Post a Comment
0 Comments